04:20pm 25 June 2026
NEWS
ബഡ്ജറ്റ് പ്രഖ്യാപനത്തിൽ 'യൂ ടേൺ'; വിവാദമായതോടെ മദ്യനയത്തിൽ നിന്ന് പിന്നാക്കം പോയി മുഖ്യമന്ത്രി
25/06/2026  08:32 AM IST
പ്രത്യേക പ്രതിനിധി
ബഡ്ജറ്റ് പ്രഖ്യാപനത്തിൽ യൂ ടേൺ; വിവാദമായതോടെ മദ്യനയത്തിൽ നിന്ന് പിന്നാക്കം പോയി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വന്തം ബഡ്ജറ്റ് പ്രഖ്യാപനത്തിൽ നിന്നും അപ്രതീക്ഷിതമായി പിന്നാക്കം പോയി മുഖ്യമന്ത്രി വി.ഡി. സതീശൻ. യു.ഡി.എഫിന്റെ മദ്യനയം പൂർണ്ണമായി അനുവദിച്ചാൽ മാത്രമേ സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകുകയുള്ളൂ എന്നും അതുവരെ വിൽപനയുണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. 0.5 മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിരക്ക് നിശ്ചയിച്ച ബഡ്ജറ്റ് നിർദ്ദേശം യു.ഡി.എഫിനകത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ കടുത്ത നിലപാട് മാറ്റം.
​ബഡ്ജറ്റ് ചർച്ചകൾക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഈ ചുവടുമാറ്റം നടത്തിയത്. മദ്യനയം എന്നത് കേവലം നികുതി നിർണ്ണയമല്ലെന്നും, അതൊരു രാഷ്ട്രീയ നയതീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളുമായും വിശദമായി ചർച്ച ചെയ്ത് മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ. നികുതി നിശ്ചയിക്കുന്നത് ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്താണെന്നും, എന്നാൽ നയം മുന്നണിയിലാണ് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​ഇടതുപക്ഷ സർക്കാരിന്റെ കാലത്തെ മദ്യനയം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി സഭയിൽ പ്രതിരോധം തീർത്തത്. മുൻ സർക്കാർ 2022-23 വർഷത്തിലെ മദ്യനയത്തിൽ പ്രഖ്യാപിച്ചതുപ്രകാരം വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ 28 ബാറുകൾ മാത്രമാണുണ്ടായിരുന്നത്അവരത് 900 ആക്കി ഉയർത്തി. വൈനിന് 86 ശതമാനവും ബിയറിന് 116 ശതമാനവും നികുതിയുള്ളപ്പോൾ, 60 ശതമാനം വരെ വീര്യമുള്ള വിദേശ നിർമ്മിത മദ്യത്തിന് 78 ശതമാനം നികുതി നിശ്ചയിച്ച ഇടതുമുന്നണിയാണ് ഇപ്പോൾ ആരോപണവുമായി വരുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
​ഇത്രയും കുറഞ്ഞ നിരക്ക് നിശ്ചയിച്ചത് ജോണി വാക്കറിലും ഷാ വാലാസിലും നിന്ന് പണം വാങ്ങിയിട്ടാണോ എന്ന് ചോദിച്ച മുഖ്യമന്ത്രി, മുൻപ് യു.ഡി.എഫ് സർക്കാർ 10 ശതമാനം വരെയുള്ള മദ്യത്തിന് 120 ശതമാനവും, പത്തിനും ഇരുപതിനും ഇടയിലുള്ളതിന് 175 ശതമാനവുമാണ് നികുതി നിശ്ചയിച്ചിരുന്നതെന്നും ചൂണ്ടിക്കാട്ടി.
​കരിമണൽ ഖനനം: സ്വകാര്യവൽക്കരണമില്ലെന്ന് വിശദീകരണം
​കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ മുഖ്യമന്ത്രി നിഷേധിച്ചു. ബഡ്ജറ്റിൽ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി ശക്തമായൊരു സമ്മിശ്ര സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ച് സ്വകാര്യ നിക്ഷേപം ആകർഷിക്കുക മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു.
​കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പിലാക്കുന്ന 'ക്രിട്ടിക്കൽ മിനറൽ കോറിഡോർ' പദ്ധതിക്കായി കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ്, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എൽ, കെൽട്രോൺ, ടൈറ്റാനിയം, കേന്ദ്രത്തിന്റെ എൻ.എഫ്.ഡി.സി എന്നിവ ചേർന്നുള്ള ഒരു കൺസോർഷ്യം രൂപീകരിക്കുമെന്നും ഇതിൽ ഒരിടത്തും സ്വകാര്യവൽക്കരണമില്ലെന്നും മുഖ്യമന്ത്രി വാദിച്ചു. ഇല്ലാത്ത കഥകളാണ് പ്രചരിക്കുന്നതെന്നും തനിക്ക് വാക്ക് മാറ്റമോ യൂ ടേണോ ഇല്ലെന്നും മുഖ്യമന്ത്രി സഭയിൽ അവകാശപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img